കൊല്ലം: സിപിഎമ്മിന്റെ മുകൾത്തട്ടുകളിലുള്ള തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ പൂർത്തിയായതോടെ തുടങ്ങാൻ പോകുന്ന സിപിഎം സംസ്ഥാന സമിതി യോഗങ്ങൾക്ക് കാതോർത്ത് രാഷ്ട്രീയ കേരളം.
റിപ്പോർട്ടിംഗിൽ പരാമർശവിധേയരായ നേതാക്കൾക്ക് നേരെ പാർട്ടി നടപടികളുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകരും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഭൂരിപക്ഷം മണ്ഡലം സെക്രട്ടറിമാരെ ശിക്ഷിച്ച് മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കാൻ സാധ്യത.
തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് 14 ജില്ലയിലും 300 ഓളം വരുന്ന ഏരിയാ കമ്മിറ്റികളിലും വിശദമായ ചർച്ചകളാണ് നടന്നത്. ജില്ലാ കമ്മിറ്റിയിൽ രണ്ടു ദിവസവും ഏരിയാ കമ്മിറ്റികളിൽ ഒരു ദിവസം മുഴുവനായും നടന്ന ചർച്ചകളിൽ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരുമാണ് പങ്കെടുത്തത്.
ജില്ലാ-ഏരിയാ അവലോകന റിപ്പോർട്ടുകൾ ചർച്ച ചെയ്ത് വിശദമായ നിർദേശങ്ങളും ജില്ലാ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും തുടർന്ന് നടത്തേണ്ട നേതൃമാറ്റത്തെക്കുറിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുറന്ന ചർച്ചയും നടത്തി. ചർച്ചകളിൽ പിബി അംഗം പിണറായിക്കെതിരെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ജില്ലകളിൽ നടന്ന ചർച്ചയിൽ പല ജില്ലാ നേതാക്കൾക്കുമെതിരേയും വിമർശനങ്ങളുണ്ടായി.
ചർച്ചയിൽ പ്രധാനമായും 10 വർഷമായി നേതാക്കളുടെ ജനങ്ങളോടുള്ള പെരുമാറ്റരീതി ചർച്ച ചെയ്യപ്പെട്ടു. ആവേശപൂർവം നടന്ന ചർച്ചയ്ക്കു മറുപടി പറയണമെന്ന്, അവലോകന റിപ്പോർട്ടിംഗിൽ ജില്ലാ ഏരിയാ കമ്മിറ്റിയംഗങ്ങൾ ആവശ്യമുയർത്തിയെങ്കിലും സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മറുപടി പറയാതെ മാറുകയായിരുന്നു. ഇതിനു കാരണമായി പറഞ്ഞത് അവലോകന റിപ്പോർട്ടിംഗിൽ പങ്കെടുക്കുക മാത്രമാണ് ചുമതല, മറുപടി പറയേണ്ടതില്ലെന്നാണ്. വിമർശനങ്ങളും അഭിപ്രായങ്ങളും കുറിച്ചെടുത്ത് സംസ്ഥാന കമ്മിറ്റിയെ അറിയിക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് അവർ അറിയിച്ചത്.
കേരളത്തിൽ ഉടനീളം നടന്ന അവലോകന റിപ്പോർട്ടിംഗിൽ സിഐടിയു നേതാക്കളെക്കുറിച്ചും അവരുടെ തൊഴിലാളികളോടുള്ള പെരുമാറ്റവും ആഡംബരജീവിതവും ചർച്ചയായി. നേതാക്കളുടെ സ്വകാര്യ കച്ചവടം, റിയൽ എസ്റ്റേറ്റ് ബിസിനസ്, ചില വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലകളുമായുള്ള നേതാക്കളുടെ ചങ്ങാത്തം, ബ്രോയിലർ കോഴി കച്ചവടം, വയൽ നികത്തൽ, മണ്ണെടുപ്പ് - മണ്ണ് മാഫിയാ ബന്ധം, ഇതെല്ലാം വിവിധ ജില്ലകളിൽ ചർച്ച ചെയ്യപ്പെട്ടു. 14 ജില്ലകളിലും 300ഓളം വരുന്ന ഏരിയാ കമ്മിറ്റികളിലും നടന്ന അവലോകന റിപ്പോർട്ടുകൾ അഞ്ച് മുതൽ ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ വിശദമായ ചർച്ചയ്ക്ക് വരും.
റിപ്പോർട്ടിംഗിൽ തെരഞ്ഞെടുപ്പിലെ പിടിപ്പുകേടിന് ഉത്തരവാദികളായെന്ന് കണ്ടെത്തുന്ന ജില്ലാ, ഏരിയാ നേതാക്കൾക്കെതിരേ നടപടിക്ക് ശിപാർശ ചെയ്യും. അഖിലേന്ത്യാ സെകട്ടറി എം.എ. ബേബി ഉൾപ്പെടെ ആറ് പിബി അംഗങ്ങളാണ് നാല് ദിവസത്തെ യോഗങ്ങളിൽ പങ്കെടുക്കുന്നത്.
അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന സെക്രട്ടറിയേറ്റും ഏഴ്, എട്ട് തീയതികളിൽ സംസ്ഥാന സമിതിയുമാണ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ വർഗ, ബഹുജന സംഘടനകളുടെ നേതൃനിരയിൽ മാറ്റം വന്നേക്കും. ഇപ്പോൾ പാർട്ടിയിൽ ജൂൺ ഒന്നിനാരംഭിച്ച ബ്രാഞ്ച്, അനുഭാവിതല ഗ്രൂപ്പ് റിപ്പോർട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലും നേതൃത്വത്തിനെതിരേ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.